Saturday, October 21, 2006

ശലഭ ജീവിതം


ചിത്രശലഭങ്ങള്‍ മൂന്നാഴ്ച മുതല്‍ പത്തുമാസം വരെ ജീവിക്കുന്നവയുണ്ട്.
]ചിത്രശലഭങ്ങള്‍ രാവിലെ ഏകദേശം ഒന്‍പതു മണി മുതല്‍ സജീവമായി തേന്‍ ചെടികളില്‍ സന്ദര്‍ശകരായെത്തും.അതിരാവിലെയും വൈകിട്ടും കൂടുതലായിക്കാണുന്ന ചിത്രശലഭങ്ങളുമുണ്ട്.
ഇവ പൊതുവേ തേനിനോട് പ്രതിപത്തിയില്ലാത്തവയാണ്.ഉച്ചയാവുമ്പോള്‍ പൂമ്പാറ്റകള്‍ വിശ്രമത്തിലാവും.കാലാവസ്ഥയ്ക്കനുസരിച്ച്ചില ചിത്രശലഭങ്ങളുടെ നിറം മാറാറുണ്ട്.
ചളികുടിക്കല്‍ (Mud puddling),കൂട്ടംചേരല്‍ (Congregation),ദേശാടനം (Migration),അനുകരണം (Mimicry)തുടങ്ങിയ പലവിധ സംഗതികള്‍ പൂമ്പാറ്റകളുടെ ജീവിതത്തില്‍ നടക്കുന്നുണ്ട്.ഇതിനെല്ലാം പ്രത്യേക ഉദ്ദേശ്യങ്ങളും ഉണ്ട്.

ചിത്രശലഭങ്ങളുടെ വലുപ്പം

ഏറ്റവും വലിയ ചിത്രശലഭമായി അറിയപ്പെടുന്നത് അലക്സാണ്ഡ്രാ‍റാണിയുടെ പക്ഷിച്ചിറക്(Queen Alexandra's birdwing.Ornitoptera alexandrae)എന്നറിയപ്പെടുന്ന ബേഡ് വിംഗാണ്.ഇതിന്റെ ചിറകളവ്(wingspan)250മില്ലീ മീറ്ററാണ്.ഇന്ത്യയില്‍ (കേരളത്തിലും) കാണപ്പെടുന്ന ഏറ്റവും വലിയ ശലഭം സതേണ്‍ ‍ബേഡ് വിംഗാണ്(140-190mm).ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയിള്‍ ഏറ്റവും ചെറിയവ രത്നനീലി(Grass jewel),ചിന്നപ്പുല്‍നീലി(tiny grass blue) എന്നിവയാണ്.ഇവയുടെ ചിറകളവ് യഥാക്രമം15-22മി.മീ. ഉം 16-24 മി.മീ. ഉം ആണ്.

Tuesday, October 17, 2006

ജീവിതചക്രം


ശലഭജീവിതത്തിന് നാല് ഘട്ടങ്ങളുണ്ട്.മുട്ട,ലാ‍ര്‍വ,പ്യൂപ്പ,ശലഭം എന്നിവയാണവ. ചിത്രശലഭങ്ങള്‍ നാല് ഘട്ടങ്ങളിലൂടെ പൂര്‍ണ രൂപാന്തരണം(Complete metamorphosis) പ്രാപിക്കുന്നു.മുട്ട
അണ്ഡാകൃതിയിലോ ഗോളാകൃതിയിലോ ഒരു മണല്‍ത്തരിയോളം വലുപ്പത്തില്‍ ആതിഥേയസസ്യങ്ങളുടെ ഇലകളില്‍ മുട്ടകള്‍ കാണാം.
ലാര്‍വ/കാറ്റര്‍പില്ലര്‍
മുട്ടവിരിഞ്ഞ് പുറത്ത് വരുന്ന പുഴുവിനെ കാറ്റര്‍പില്ലര്‍ എന്ന് വിളിക്കുന്നു.ഇത് ആതിഥേയ സസ്യത്തിന്റെ ഇലകള്‍ തിന്നാണ് വളരുന്നത്.കാറ്റര്‍പില്ലര്‍ പ്യൂപ്പയാവുന്നതിനിടയില്‍ പലതവണ പടം പൊഴിക്കുകയും പുതിയ രൂപങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും.കാറ്റര്‍പില്ലറിന്റെ ശരീരത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്: തല(Head),ഉരസ്സ്(Thorax), ഉദരം(Abdomen).ശരീരം 14 ഖണ്ഡങ്ങള്‍ കൂടിച്ചേര്‍ന്നതാണ്.ആദ്യത്തെ ഖണ്ഡം തലയാണ്.2,3,4 ഖണ്ഡങ്ങള്‍ ചേര്‍ന്ന് ഉരസ്സ് രൂപപ്പെടുന്നു.5-14ഖണ്ഡങ്ങള്‍ ചേര്‍ന്ന് ഉദരം രൂപപ്പെടുന്നു. ഉരസ്സില്‍ മൂന്ന് ജോഡി കാലുകളുണ്ട്.ഇവയാണ് ശരിയായ കാലുകള്‍ (True legs). ഉദരത്തില്‍ അഞ്ച് ജോഡി കാലുകളുണ്ട്.ഇവയെ ലാര്‍വാദശാപാദങ്ങള്‍ (Prolegs) എന്ന് വിളിക്കുന്നു.ഇവയില്‍ ഒരു ജോഡി കൊളുത്തുകള്‍ (Claspers) പിന്നറ്റത്ത് കാണാം.ഈ കൊളുത്തുകള്‍ പ്യൂപ്പാദശയില്‍ സസ്യഭാഗങ്ങളില്‍ തൂങ്ങിക്കിടക്കാന്‍ സഹായിക്കുന്നു.പ്യൂപ്പകാറ്റര്‍പില്ലര്‍ വളര്‍ച്ചയുടെ അവസാനഘട്ടത്തില്‍ ഇലയുടെ അടിയിലോ കമ്പുകളിലോ തൂങ്ങിക്കിടന്ന് സമാധി അവസ്ഥയിലാവുന്നു.ചിലപ്പോള്‍ ഇത് ഒന്നോരണ്ടോ ആഴ്ച്ചകള്‍ക്കുള്ളില്‍ പൂമ്പാറ്റയായി മാറുന്നു.പ്യൂപ്പകള്‍ക്കും ലാര്‍വകള്‍ക്കും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം അനുകൂലനങ്ങളുണ്ട്.ശലഭം
പ്യൂപ്പയുടെ പുറംതോട് പൊളിച്ചാണ് പൂമ്പാറ്റ പുറത്തു വരുന്നത്.കുറഞ്ഞത് ഒരു മണിക്കൂര്‍ സമയമെങ്കിലും ചിറകുണങ്ങാന്‍ ആവശ്യമാണ്.അതിന് ശേഷമേ പറന്ന് പോവുകയുള്ളൂ.

Tuesday, October 10, 2006

ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍

മേല്‍ പറഞ്ഞ പ്രത്യേകതകള്‍ എല്ലാ ചിത്രശലഭങ്ങള്‍ക്കും നിശാശലഭങ്ങള്‍ക്കും ബാധകമല്ല.
പകല്‍ പറക്കുന്ന ചില നിശാശലഭങ്ങളുണ്ട്. ചിറകുകള്‍ നിവര്‍ത്തി വിശ്രമിക്കുന്ന പൂമ്പാറ്റകളുമുണ്ട്.എല്ലാ നിശാശലഭങ്ങളുടെയും ലാര്‍വകള്‍ ചൊറിച്ചിലുളവാക്കുന്നവയാണോ
എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

Monday, October 09, 2006

ചിത്രശലഭ കുടുംബങ്ങള്‍


ചിത്രശലഭങ്ങള്‍ റൊപലോസീറ(Rhopalocera)എന്ന ഉപഗോത്രത്തില്‍ (suborder) പെടുന്നു.ചിത്രശലഭങ്ങള്‍ പ്രധാനമായും അഞ്ചു കുടുംബങ്ങളാണുള്ളത്.

ചിത്രശലഭങ്ങളുടെ വിതരണം.

ലോകത്താകെ1,40,000 തരം(species) ശലഭങ്ങളുണ്ട്(ചിത്രശലഭങ്ങളും നിശാശലഭങ്ങളും കൂടി) എന്ന് പറഞ്ഞല്ലോ.ഇതില്‍ 17200 എണ്ണം ചിത്രശലഭങ്ങളാണ്.കേരളത്തില്‍ ഇതുവരെ 322 ചിത്രശലഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Sunday, October 08, 2006

ടാക്സോണമി

ഖണ്ഡിത പാദര്‍(jointed-legged animals)അഥവാ ആര്‍ത്രോപോഡ വിഭാഗത്തില്‍ പെടുന്നവരാണ്ഞണ്ടുകള്‍,ഷഡ്പദങ്ങള്‍,ചിലന്തികള്‍,മില്ലിപ്പെഡുകള്‍,സെന്റിപ്പെഡുകള്‍ എന്നിവ.ഈ അഞ്ചു ക്ലാസുകളിലെ ഷഡ്പദങ്ങള്‍ എന്നവിഭാഗത്തിലെ ലെപിഡോപ്റ്റെറ എന്ന ഓഡറില്‍ പെടുന്നവയാണ് നിശാശലഭങ്ങളും ചിത്രശലഭങ്ങളും.Lepis എന്നാല്‍ ശല്‍ക്കങ്ങള്‍ Pteron എന്നാല്‍ ചിറക്.ശല്‍ക്കങ്ങളുള്ള ചിറകുള്ളവര്‍ Lepidoptera ആയി.ചിത്രശലഭങ്ങളും നിശാശലഭങ്ങളും കൂടി ലോകത്താകെ 1,40,000 ഇനം ശലഭങ്ങളുണ്ട്.

Saturday, October 07, 2006

ആനക്കരയും പൂമ്പാറ്റകളും

(ഒന്നാമത്തെ പോസ്റ്റിന്റെ തുടര്‍ച്ച)
പിന്നീട് സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു.രണ്ടുമാസം കൊണ്ട് അറുപതോളം ചിത്രശലഭങ്ങളെ നിരീക്ഷിക്കാനും ചിത്രീകരിക്കാനും എനിക്ക് സാധിച്ചു.
പാത്തുമ്മക്കുട്ടി ഇക്കാര്യത്തില്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ പട്ടിപ്പാറ എന്നപ്രദേശത്തുനിന്ന് മാണ്
കൂടുതല്‍ ശലഭങ്ങളെയും നിരീക്ഷിക്കാന്‍ കഴിഞ്ഞത്.
ആനക്കര പഞ്ചായത്തില്‍ നിന്നു മാത്രം ഇതിനകം 71 തരം
ചിത്രശലഭങ്ങളെ കാണാന്‍ ‍സാധിച്ചിട്ടുണ്ട്.ഇതില്‍ 66 ചിത്രശലഭങ്ങളേയും ചിത്രീകരിച്ചു.
കേരളത്തിലെ ഒരു പഞ്ചായത്തില്‍ നിന്ന് മാത്രമായി ഇത്രയധികം ചിത്രശലഭങ്ങളെ നിരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും.

Thursday, October 05, 2006

ഒരു ചിത്രശലഭ പ്രണയിയുടെ അനുഭവക്കുറിപ്പുകള്‍

സ്നേഹിതരേ,
2004 ഏപ്രിലില്‍ ഞാനൊരു വീഡിയോ ക്യാമറ സംഘടിപ്പിച്ചു.ഡോക്യുമെന്ററികള്‍ ചെയ്യുകയായിരുന്നു ഉന്നം.ഭാരതപ്പുഴയോടുള്ള പ്രേമം കാരണം വൈകുന്നേരങ്ങളില്‍ അതിന്റെ തീരത്ത് കൂട്ടുകാരോടൊത്ത് പോയിരിക്കാറുണ്ടായിരുന്നു.പോകുമ്പോള്‍ കയ്യില്‍ ക്യാമറയും കരുതാറുണ്ടായിരുന്നു.എന്റെ നാട്ടില്‍ പുഴയില്ലാതിരുന്നതുകൊണ്ടോ ,അല്ലെങ്കില്‍ ഒരു കേരളീയന്റെ സഹജമായ
വാസന കൊണ്ടോ-ഇതില്‍ ഏത് കാരണത്താലാണെന്നറിയില്ല -വ്യതിരിക്തമായ ഒരു ജീവിതാനന്ദം നിളയുടെ തീരങ്ങള്‍ എന്നില്‍ നിറയ്ക്കുന്നതായി ഞാന്‍ അറിഞ്ഞു.ക്യാമറയില്‍ പുഴയുടെ ചന്തം ഒപ്പിയെടുക്കാനും മറന്നിരുന്നില്ല.
പാവപ്പെട്ട മണല്‍തൊഴിലാളികള്‍ വിചാരിച്ചുകാണണം, അവരുടെ കഞ്ഞികുടി മുട്ടിക്കാനുള്ള പണിയാണിതെന്ന്.അവര്‍ ഒരു കഥ മെനഞ്ഞെടുത്തു.ജ്ഞാനപീഠം കിട്ടിയ കഥാകാരന്റെ നാട്ടുകാരല്ലേ.മോശം വരുമോ?കുളിസീന്‍ പകര്‍ത്തുകയാണ് ഞങ്ങളുടെ പണിയെന്ന് അവര്‍പറഞ്ഞു പരത്തി. ചില കശപിശകളൊക്കെയുണ്ടായി.ഒടുവില്‍ ക്യാമറ കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാതായി.

കാശു കൊടുത്തു വാങ്ങിയ ക്യാമറ കൊണ്ട് എന്തെങ്കിലും ഒരുപയോഗം വേണ്ടേ? വീട്ടു മുറ്റത്തുള്ള പൂക്കളും മറ്റും ചിത്രീകരിച്ചു തുടങ്ങി.ഒരു ദിവസം യാദൃച്ഛികമായി ഒരു മാവിലയില്‍ രണ്ടു ശലഭങ്ങള്‍ ഇണ ചേര്‍ന്നിരിക്കുന്നത് കണ്ടു.ഞാന്‍ ജീവിതത്തിലാദ്യമാ യിട്ടായിരുന്നു അത്തരമൊരു കാഴ്ച്ച കാണുന്നത്.രണ്ടു ശലഭങ്ങള്‍ ഇണ ചേര്‍ന്നിരിക്കുന്നതാണെന്നു പോലും എനിക്കാദ്യം
മനസ്സിലായില്ല.രണ്ടു തലയുള്ള ശലഭമാണെന്നൊക്കെ ഞാന്‍ വിചാരിച്ചു. എന്റെ ശല്യം കാരണം അവ കുറച്ചു ദൂരേക്കു പറന്നുപോയിരുന്നു.
പറക്കുംപോഴും അവ ഒരുമിച്ചായിരുന്നു.സൂക്ഷിച്ചു നോക്കിയപ്പോള്‍ കാര്യങ്ങളൊക്കെ മനസ്സിലായി.ഇതായിരുന്നു ശലഭങ്ങളെക്കുറിച്ച്
കൂടുതല്‍ അന്വേഷിക്കാനും നിരീക്ഷിക്കാനും എന്നെ പ്രേരിപ്പിച്ച സംഭവം.പിന്നീട് ഇത്തരത്തിലുള്ള കാഴ്ച്ചകള്‍ നിത്യ സംഭവമായപ്പൊഴാണ് ഒരു കാര്യം ഞാന്‍ ചിന്തിച്ചത്.എന്തുകൊണ്ട് ഇത്രയും കാലം ഞാന്‍ ഇതൊന്നും കണ്ടില്ല?മുന്‍പും
ഈ കാഴ്ച്ചകളൊക്കെ എന്റെ മുന്‍പില്‍ ഉണ്ടായിരുന്നിരിക്കണം.പക്ഷേ, അന്നൊന്നും ഇതൊന്നും ശ്രദ്ധിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
കുട്ടിത്തത്തോടൊപ്പം നമുക്ക് കുറേ കാഴ്ച്ചകള്‍,കുറേ ശബ്ദങ്ങള്‍(നമുക്കു ചുറ്റുമുള്ള) ഗന്ധങ്ങള്‍,രസങ്ങള്‍...ഒക്കെ നഷ്ടമാവുന്നുണ്ട്.നഷ്ടടപ്പെട്ട ആ വലിയ ലോകം തിരിച്ചുപിടിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കൂ...
ചിത്രശലഭ നിരീക്ഷണതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍...

1...2...3...