Thursday, December 14, 2006

കനിത്തോഴി(Common baraon-female)


ഈ വര്‍ഷം ജനുവരിയില്‍ പാലക്കാട് മുതലമടയിലെ മാന്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി തളിച്ചതിനെ തുടര്‍ന്ന് ധാരാളം ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വാര്‍ത്തയായിരുന്നു.മാവുകളിലും കശുമാവുകളിലും മുട്ടയിടുന്ന ഒരു പൂമ്പാറ്റയാണ് ചിത്രത്തില്‍ കാണുന്നത്.കനിത്തോഴന്‍ എന്നാണ് മലയാളനാമം.പെണ്ണായതുകൊണ്ട് കനിത്തോഴി എന്നു വിളിക്കാമെന്ന് ഞാന്‍ നിശ്ചയിച്ചു.പത്രങ്ങളില്‍ വന്ന ചിത്രങ്ങളില്‍ കനിത്തോഴനും ഉണ്ടായിരുവെന്നാണ് ഓര്‍മ.ധാരാളം നീലക്കടുവകള്‍(ഒരു തരം പൂമ്പാറ്റ)
ചത്തുകിടക്കുന്ന ദൃശ്യം ഇതാ.
അന്ന് സ്വാഭാവികമായും കനിത്തോഴന്റെ ധാരാളം ലാര്‍വകളും ചത്തൊടുങ്ങിയിട്ടുണ്ടാവും.
ഈ പൂമ്പാറ്റയുടെ ചിറകുകളുടെ ഉപരിഭാഗത്തിന് തിളങ്ങുന്ന ഒരു പച്ച നിറമാണ്.ചിലപ്പോഴൊക്കെ ചിറക് വിടര്‍ത്തി നിലത്ത് പട്ടിയിരിക്കുന്നതു കണ്ടിട്ടുണ്ട്.
ഒരു ദിവസം ഞാന്‍ കോഴിക്കോട്ടേക്കു പോവുകയായിരുന്നു.ബസ്സിന്റെ സൈഡ് സീറ്റില്‍ എന്തൊക്കെയോ ആലോചിച്ച് ഇരിക്കുകയായിരുന്നു ഞാന്‍.ബസ്സ് കക്കാട് എത്തി.പുറത്തേക്ക് നോക്കിയപ്പോള്‍ ഞാനൊരു കാഴ്ച്ച കണ്ടു.അവിടെ ഒരു പഴക്കടയില്‍ നിരത്തിവെച്ചിരിക്കുന്ന പഴങ്ങളില്‍ ഒരു പൂമ്പാറ്റ വിശ്രമിക്കുന്നു(വിശ്രമിക്കുകയൊന്നുമാവില്ല,പഴങ്ങളുടെ നീര് വലിച്ചുകുടിക്കുക തന്നെയാണ് മൂപ്പരുടെ ഉദ്ദേശ്യം).സൂക്ഷിച്ചു നോക്കിയപ്പോള്‍ കനിത്തോഴനാണെന്ന് മനസ്സിലായി.വെറുതെയല്ല കനിത്തോഴന്‍ എന്നു പേര്.പിന്നീട് പല പഴക്കടകളില്‍ വെച്ചും ഞാനീ കള്ളനെ കണ്ടിട്ടുണ്ട്.ഈ ചിതശലഭത്തിന് പൂക്കളോടല്ല,പഴങ്ങളോടാണ് താത്പര്യം.ആല്‍ക്കഹോള്‍ ധാരാളമുള്ള ചീഞ്ഞപഴങ്ങളാണ് കൂടുതല്‍ കമ്പം.കള്ളുകുടിയന്‍ തന്നെ.(കള്ള് കുടിക്കുമോന്ന് നോക്കിയിട്ടില്ല)
ലാര്‍വയെ കാണാന്‍ നല്ല ഭംഗിയാണ്. ഒരിലപോലെ പച്ചനിറത്തിലാണ്.അതുകൊണ്ട് കണ്ടു പിടിക്കുക അത്ര ഏളുപ്പമല്ല.ലാര്‍വയുടെ ഒരു അനുകൂലനമാണിത്.തന്റെ ജീവിത പരിസരത്തോട് ഇണങ്ങിച്ചേരുന്നതും ശത്രുക്കളുടെ കണ്ണു വെട്ടിക്കുന്നതുമായ ഇത്തരം തന്ത്രങ്ങളെ കമോഫ്ലാഷ്(Camouflage)എന്നാണ് പറയുക.
ശാ.നാമം:Euthalia aconthea

4 comments:

വിഷ്ണു പ്രസാദ് said...

മാന്തോട്ടങ്ങളുടെ ഓമന

Anonymous said...

നന്നായി മാഷേ...
തീറ്റക്കൊതിയന്‍‍,കള്ളുകുടിയന്‍ -കനിത്തോഴന്‍ എന്റെ തോഴന്‍ :-)
-ലാപുട

വിഷ്ണു പ്രസാദ് said...

ഈ കള്ളുകുടിയനെ കണ്ട് പരിചയം പുതുക്കാന്‍ വന്ന കൊറിയന്‍ പൂമ്പാറ്റ ലാപുടയ്ക്ക് നന്ദി.

evuraan said...

എന്‍‌ഡോസള്‍ഫാന്‍ നിരോധിക്കപ്പെട്ടതല്ലേ? അതിനിയും ഉപയോഗത്തിലുണ്ടോ?

1...2...3...