Tuesday, May 22, 2007

വിലാസിനി എന്ന സുന്ദരി(Common jezebel)


ഇത്തിള്‍ക്കണ്ണികള്‍ക്ക് പ്രകൃതിയില്‍ എന്ത് പ്രാധാന്യമാണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ.ആതിഥേയ വൃക്ഷങ്ങളുടെ ഭക്ഷണം തട്ടിയെടുത്ത് വളരുന്ന ഈ വിദ്വാന്മാരെ മുച്ചൂടും നശിപ്പിക്കണമെന്ന് തോന്നിയിട്ടില്ലേ.പ്രകൃതിയില്‍ ഇത്തിള്‍ക്കണ്ണികളെ ആശ്രയിച്ചു കഴിയുന്ന ജീവികളുമുണ്ട്.ഇത്തിള്‍ക്കണ്ണികളില്ലെങ്കില്‍ അവയുമില്ല.അതിലൊന്നാണ് ചിത്രത്തില്‍ കാണുന്ന സുന്ദരി.വിലാസിനി എന്നാണ് പേര്.
ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ചിത്രശലഭമാണിത്.ഇതിന്റെ ലാര്‍വകള്‍ ഇത്തിള്‍ക്കണ്ണികളിലാണ് വളരുന്നത്.ഇപ്പോള്‍ മനസ്സിലായില്ലേ പ്രപഞ്ചത്തില്‍ ഇത്തിക്കണ്ണിക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്ന്.
വിലാസിനിയെ വയനാട്ടില്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. വള്ളുവനാട്ടില്‍ വിരളമായിട്ടാണെങ്കിലും കണ്ടിട്ടുണ്ട്.വിലാസിനിയുടെ അനുകര്‍ത്താവായി(Mimic) ഒരു ശലഭമുണ്ട്.കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ വിലാസിനിയാണെന്ന് തോന്നും.പക്ഷേ വിലാസിനിയേക്കാള്‍ വലിപ്പമുണ്ടാവും.ചിത്രത്തില്‍ വിലാസിനിയുടെ പിന്‍ചിറകിലെ ഓറഞ്ചു നിറമുള്ള പൊട്ടുകള്‍ കണ്ടില്ലേ.ഇത് ചോലവിലാസിനിയാണെങ്കില്‍ ഏതാണ്ട് ചതുരാകൃതിയില്‍ ആയിരിക്കും.ചോല വിലാസിനി ഒരു വനവാസിയായാണ് അറിയപ്പെടുന്നത്.പട്ടാമ്പിയിലെ റെയില്‍വേ ട്രാക്ക് പരിസരത്ത് ഞാന്‍ ധാരാളം ചോലവിലാസിനികളെ കണ്ടിട്ടുണ്ട്.
വിലാസിനിയെ എന്തിനാണ് ചോലവിലാസിനി അനുകരിക്കുന്നത്? ഇരപിടിയന്മാര്‍ ഒഴിവാക്കുന്ന ഒരു ശലഭമാണ് വിലാസിനി.കാരണം വിലാസിനിയുടെ ശരീരത്തില്‍ വിഷമുണ്ട്.ലാര്‍വാഘട്ടത്തില്‍ കഴിക്കുന്ന സസ്യത്തില്‍ നിന്നാണ് ശലഭത്തിന് ഈ വിഷാംശം കിട്ടുന്നതത്രേ.ചോലവിലാസിനി വിലാസിനിയെ അനുകരിക്കുന്നത് ഇരപിടിയന്മാരെ കബളിപ്പിക്കാന്‍ തന്നെയാണ്.വിലാസിനിയാണെന്നു കരുതി ഇരപിടിയന്മാര്‍ ചോലവിലാസിനിയേയും വെറുതെ വിട്ടുകൊള്ളും!
വിലാസിനിയുടെ ശാസ്ത്രീയനാമം:Delias eucharis
ചോലവിലാസിനി(Painted saw tooth)യുടെ ശാസ്ത്രീയ നാമം:Prioneris sita
ചോല വിലാസിനിയുടെ ലാര്‍വാ ഭക്ഷണ സസ്യം:കാര്‍ത്തോ‍ട്ടി
വലിയ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നവരോട്:ഇതിലെ ചിത്രങ്ങള്‍ വീഡിയോയില്‍ നിന്നുള്ള സ്റ്റിത്സ് ആണ്.അവ ഈ വലിപ്പത്തിലാണ് ഞാന്‍ ആദ്യം എടുത്തുവെച്ചത്.മാത്രമല്ല വലിയ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ പറ്റുന്ന കണക്ഷനല്ല ഉള്ളത്.ഭാവിയില്‍ ശ്രമിക്കാം.. :)

Sunday, March 11, 2007

അരളി ശലഭം(Common Indian Crow)


ചോക്കലേറ്റ് കളറുള്ള ഒരു സുന്ദരിയാണിത്.അരികുകളില്‍ വെളുത്ത പൊട്ടുകള്‍ കാണാം.നമ്മുടെ നാട്ടില്‍ എല്ലായിടത്തും കാണുന്ന ഒരു ശലഭമാണിത്.അരിപ്പൂച്ചെടികള്‍ക്കിടയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്.ചിത്രത്തില്‍ സീനിയ എന്ന പൂവില്‍ നിന്ന് തേന്‍ കുടിക്കുന്നതു കാണാം.
ഇതിന്റെ പ്യൂപ്പയെകാണാന്‍ നല്ല ഭംഗിയാണ്.ദേശാടന സ്വഭാവമുള്ള ഈ ശലഭങ്ങള്‍ വയനാട്ടില്‍ ധാരാളം കണ്ടിട്ടുണ്ട്. കിലുക്കി, തേള്‍ക്കട എന്നിവയില്‍ നീരൂറ്റിക്കുടിക്കാന്‍ കൂട്ടമായി വന്നിരിക്കുന്നതും കണ്ടിട്ടുണ്ട്.

ആല്‍,ചെറി തുടങ്ങിയവ ലാര്‍വാഭക്ഷണസസ്യങ്ങാളാണ്.
ശാ.നാമം:Euploea core

Sunday, February 11, 2007

കരിയില ശലഭം(Common evening brown)


രാത്രി കാലങ്ങളില്‍ നിശാശലഭങ്ങളോടൊപ്പം നമ്മുടെ വീടുകളിലെ ബള്‍ബിനു ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റയെ നിങ്ങള്‍ കണ്ടു കാണും.തൊടിയില്‍ താഴ്ന്നു പറക്കുന്നത് കാണാം.
കരിയിലകളില്‍ വന്നിരിക്കാറുണ്ട്.കരിയിലയുടെ നിറമായതിനാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ല.പറന്നു പോവുമ്പോഴേ നമ്മള്‍ കാണൂ.ഇതിന്റെ ചിറകുകളുടെ അടിഭാഗത്തെ ഡിസൈന്‍ പല ശലഭങ്ങളിലും വ്യതാസപ്പെട്ടു കണ്ടിട്ടുണ്ട്.ചിറകരികുകളുടെ ആകൃതി
പ്രത്യേകതയുള്ളതാണ്.ഇത് ശ്രദ്ധിച്ചാല്‍ പൂമ്പാറ്റയെ പിടികിട്ടും.
ശാ.നാമം:melanitis leda

മഞ്ഞത്തകരമുത്തി(Common Emigrant)



മഞ്ഞ നിറത്തിലുള്ള ഈ വലിയ പൂമ്പാറ്റകളെ എല്ലാവരും ഒരിക്കലെങ്കിലും ശ്രദ്ധിച്ചുകാണും.ആനത്തകര കണിക്കൊന്ന തുടങ്ങിയവയാണ് ഇതിന്റെ ലാര്‍വാ ഭക്ഷണ സസ്യങ്ങള്‍.
തകരമുത്തി എന്ന പേരില്‍ വേറൊരു പൂമ്പാറ്റയുണ്ട്.മഞ്ഞത്തകരമുത്തിയുടെ ലാര്‍വയ്ക്ക് ത്കരമുത്തിയുടെ ലാര്‍വയില്‍ നിന്ന് വ്യത്യസ്തമായി തലയില്‍ കൊമ്പുണ്ടായിരിക്കും.
മഞ്ഞയുടെ പല ഷേഡുകളിലും ഇളം പച്ച നിറത്തിലും മഞ്ഞത്തകരമുത്തികളെ കാണാം.
മഞ്ഞത്തകരമുത്തിയുടെ ചിറകുകളില്‍ പുള്ളിക്കുത്തുകള്‍ കാണില്ല.തകരമുത്തിയുടെ ചിറകുകളില്‍ പുള്ളിക്കുത്തുകള്‍ കാണാം.
മഞ്ഞത്തകരമുത്തിയുടെ മുന്‍ ചിറകുകളുടെ മുന്‍ വക്കുകളില്‍ കറുത്ത നിറം പടര്‍ന്നു കിടക്കുന്നത് കാണാം.പെണ്‍ ശലഭങ്ങളില്‍ ഈ കറുത്ത പട്ടയുടെ വീതി കൂടുതലായിരിക്കും.മഞ്ഞത്തകരമുത്തി തകരമുത്തിയേക്കാള്‍ വലുതാണ്.
ശാ.നാമം:Catopsilia pomona

Monday, January 29, 2007

പൊട്ടുവാലാട്ടി (Common Cerulean)


പിന്‍ ചിറകുകള്‍ പരസ്പരം കൂട്ടിയുരുമ്മുന്ന പൂമ്പാറ്റകളെ കണ്ടിട്ടുണ്ടോ?ഇവന്‍ അത്തരമൊരു കുസൃതിയാണ്.കാട്ടിലും നട്ടിലും ഒരേ പോലെ കണ്ടിട്ടുണ്ട്. ചെറുപൂവുകളിലൊക്കെ വന്നിരിക്കുന്നത് കണ്ടിട്ടുണ്ട്.
ഉങ്ങ്,കുന്നി തുടങ്ങിയവയാണ് ലാര്‍വാ ഭക്ഷണ സസ്യങ്ങള്‍.
ശാ.നാമം:Jamides celeno

തവിടന്‍(Common bush brown)


ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ശലഭം ഇതാവും.തൊടികളില്‍ താഴ്ന്നുപറക്കുന്ന ഈ ശലഭം രാവിലെ പത്തുമണിക്ക് മുന്‍പായി ധാരാളം കാണാം.
ജൈവാവശിഷ്ടങ്ങളാണ് പ്രിയം.അടുക്കളപ്പുറത്ത് ബാക്കിവന്ന ഭക്ഷണസാധനങ്ങളില്‍ കൂട്ടം കൂടിയിരിക്കുന്നത് കണ്ടിട്ടുണ്ട്.വേനലാവുമ്പോള്‍ ഈ പുള്ളിക്കാരന്റെ പുള്ളികളൊക്കെ മങ്ങും.കണ്ടാല്‍ തിരിച്ചറിയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് ഈ വേഷം മാറല്‍.പുല്‍ വര്‍ഗസസ്യങ്ങളാണ് ലാര്‍വാഭക്ഷണ സസ്യങ്ങള്‍.
ശാ.നാമം:Mycalesi perseus

Saturday, December 23, 2006

നീലക്കുടുക്ക(Common blue bottle)


ചുറുചുറുക്കുള്ള ഈ ശലഭങ്ങളെ ഞാന്‍ വയനാട്ടില്‍ ധാരാളം കണ്ടിട്ടുണ്ട്.ആനക്കരയില്‍ വെച്ച് രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂ.വേഗതയും സൌന്ദര്യവുമാണ് ഈ ശലഭങ്ങളുടെ പ്രത്യേകതകള്‍.വയനാട്ടില്‍ കണ്ടിരുന്ന മിക്ക ശലഭങ്ങളും വളരെ ഉയരത്തിലാണ് പറക്കുന്നത്.അരണ മരം,കുളമാവ്, മുളക്നാറി തുടങ്ങിയവ ലാര്‍വാഭക്ഷണ സസ്യങ്ങളാണെന്ന് കേരളത്തിലെ ചിത്രശലഭങ്ങള്‍ എന്ന പുസ്തകത്തില്‍ പറയുന്നു.
പക്ഷികളില്‍ പ്രാവുകളെപ്പൊലെ ഇവയെ ഇണകളായാണ് ഞാന്‍ പലപ്പോഴും കണ്ടിട്ടുള്ളത്.അരിപ്പൂച്ചെടിക്കാടുകളില്‍ പൂവായ വൂവിലൊക്കെ കയറിയിറങ്ങുന്ന ഈ മനോഹര ശലഭങ്ങളെ നോക്കിനില്‍ക്കാന്‍ ഒരു രസമാണ്. ഇങ്ങനെ മിന്നല്‍ പര്യടനം നടത്തുംപോഴും അവ ഒരു പൂവിനെയും വിട്ടു പോവുകയില്ല.
ശാ.നാമം:Graphium sarpedon

Thursday, December 14, 2006

കനിത്തോഴി(Common baraon-female)


ഈ വര്‍ഷം ജനുവരിയില്‍ പാലക്കാട് മുതലമടയിലെ മാന്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി തളിച്ചതിനെ തുടര്‍ന്ന് ധാരാളം ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വാര്‍ത്തയായിരുന്നു.മാവുകളിലും കശുമാവുകളിലും മുട്ടയിടുന്ന ഒരു പൂമ്പാറ്റയാണ് ചിത്രത്തില്‍ കാണുന്നത്.കനിത്തോഴന്‍ എന്നാണ് മലയാളനാമം.പെണ്ണായതുകൊണ്ട് കനിത്തോഴി എന്നു വിളിക്കാമെന്ന് ഞാന്‍ നിശ്ചയിച്ചു.പത്രങ്ങളില്‍ വന്ന ചിത്രങ്ങളില്‍ കനിത്തോഴനും ഉണ്ടായിരുവെന്നാണ് ഓര്‍മ.ധാരാളം നീലക്കടുവകള്‍(ഒരു തരം പൂമ്പാറ്റ)
ചത്തുകിടക്കുന്ന ദൃശ്യം ഇതാ.
അന്ന് സ്വാഭാവികമായും കനിത്തോഴന്റെ ധാരാളം ലാര്‍വകളും ചത്തൊടുങ്ങിയിട്ടുണ്ടാവും.
ഈ പൂമ്പാറ്റയുടെ ചിറകുകളുടെ ഉപരിഭാഗത്തിന് തിളങ്ങുന്ന ഒരു പച്ച നിറമാണ്.ചിലപ്പോഴൊക്കെ ചിറക് വിടര്‍ത്തി നിലത്ത് പട്ടിയിരിക്കുന്നതു കണ്ടിട്ടുണ്ട്.
ഒരു ദിവസം ഞാന്‍ കോഴിക്കോട്ടേക്കു പോവുകയായിരുന്നു.ബസ്സിന്റെ സൈഡ് സീറ്റില്‍ എന്തൊക്കെയോ ആലോചിച്ച് ഇരിക്കുകയായിരുന്നു ഞാന്‍.ബസ്സ് കക്കാട് എത്തി.പുറത്തേക്ക് നോക്കിയപ്പോള്‍ ഞാനൊരു കാഴ്ച്ച കണ്ടു.അവിടെ ഒരു പഴക്കടയില്‍ നിരത്തിവെച്ചിരിക്കുന്ന പഴങ്ങളില്‍ ഒരു പൂമ്പാറ്റ വിശ്രമിക്കുന്നു(വിശ്രമിക്കുകയൊന്നുമാവില്ല,പഴങ്ങളുടെ നീര് വലിച്ചുകുടിക്കുക തന്നെയാണ് മൂപ്പരുടെ ഉദ്ദേശ്യം).സൂക്ഷിച്ചു നോക്കിയപ്പോള്‍ കനിത്തോഴനാണെന്ന് മനസ്സിലായി.വെറുതെയല്ല കനിത്തോഴന്‍ എന്നു പേര്.പിന്നീട് പല പഴക്കടകളില്‍ വെച്ചും ഞാനീ കള്ളനെ കണ്ടിട്ടുണ്ട്.ഈ ചിതശലഭത്തിന് പൂക്കളോടല്ല,പഴങ്ങളോടാണ് താത്പര്യം.ആല്‍ക്കഹോള്‍ ധാരാളമുള്ള ചീഞ്ഞപഴങ്ങളാണ് കൂടുതല്‍ കമ്പം.കള്ളുകുടിയന്‍ തന്നെ.(കള്ള് കുടിക്കുമോന്ന് നോക്കിയിട്ടില്ല)
ലാര്‍വയെ കാണാന്‍ നല്ല ഭംഗിയാണ്. ഒരിലപോലെ പച്ചനിറത്തിലാണ്.അതുകൊണ്ട് കണ്ടു പിടിക്കുക അത്ര ഏളുപ്പമല്ല.ലാര്‍വയുടെ ഒരു അനുകൂലനമാണിത്.തന്റെ ജീവിത പരിസരത്തോട് ഇണങ്ങിച്ചേരുന്നതും ശത്രുക്കളുടെ കണ്ണു വെട്ടിക്കുന്നതുമായ ഇത്തരം തന്ത്രങ്ങളെ കമോഫ്ലാഷ്(Camouflage)എന്നാണ് പറയുക.
ശാ.നാമം:Euthalia aconthea

Sunday, December 03, 2006

അക്കേഷ്യനീലി(Common acacia blue)


വീടിനടുത്തുള്ള മുളങ്കൂട്ടത്തിലാണ് കണ്ടത്. ആദ്യമായി അന്നാണ് കണ്ടത്.അതിനുശേഷം ഇതേവരെ കാണാന്‍ കഴിഞ്ഞിട്ടുമില്ല.കരുവേലച്ചെടികളാണ് ഇതിന്റെ ലാര്‍വാ ഭക്ഷണസസ്യങ്ങളെന്ന് കേരളത്തിലെ ചിത്രശലഭങ്ങള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഒറ്റ നോട്ടത്തില്‍ സ്ലേറ്റ് ഫ്ലാഷാ(വേറൊരു ശലഭം)ണെന്ന് തോന്നും.ശാ.നാമം.:Surendra quercetorum

Tuesday, November 28, 2006

നാല്‍ക്കണ്ണി(Common four ring)


ഇതിനെ നമ്മുടെ തൊടികളിലൊക്കെ ധാരാളം കാണാം.
ഇവയും പുല്‍ വര്‍ഗ്ഗങ്ങളിലാണ് മുട്ടയിടുന്നത്.പിന്‍ ചിറകുകളില്‍ നാല് ചെറിയ കണ്‍പൊട്ടുകള്‍.മുന്‍ ചിറകില്‍ വളരെ വ്യക്തമായി കാണാവുന്ന ഒരു വലിയ കണ്‍പൊട്ട്.ലാര്‍വയ്ക്ക് പച്ചനിറം.ശാ.നാ.:Ypthima huebneri

ചെംകുറുമ്പന്‍(Chestnut bob)


ചിറകിന്റെ അടിഭാഗത്ത് വെളുത്ത പൊട്ടുകള്‍ കാണാം.ലാര്‍വകളും പ്യൂപ്പകളും ഇലക്കൂടുകളിലാണ് കഴിയുന്നത്.പുല്‍ വര്‍ഗ്ഗസസ്യങ്ങളാണ് ഇവയുടെ ലാര്‍വയുടെ ഭക്ഷണസസ്യങ്ങള്‍.ശാ.നാ.:Iambrix salsala

Saturday, November 25, 2006

നീലക്കടുവ(Blue tiger)

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ശലഭം.വട്ടക്കാക്ക ക്കൊടി,എരിക്ക് തുടങ്ങിയവയാണ് ലാര്‍വാഭക്ഷണ സസ്യങ്ങള്‍.ദേശാടനത്തിലേര്‍പ്പെടുന്ന ഒരു ശലഭമാണിത്.ഒരു വട്ടക്കാക്കക്കൊടിയില്‍ തന്നെ ഒരേസമയം ഇതിന്റെ ധാരാളം ലാര്‍വകളെയും പ്യൂപ്പകളെയും കണ്ടിട്ടുണ്ട്.പ്യൂപ്പകള്‍ക്ക്സ്വര്‍ണ നിറത്തിലുള്ള പൊട്ടുകള്‍ ഉണ്ടാവും.ഇതിന്റെ ലാര്‍വയെ വിരിയിച്ചെടുത്തിട്ടുണ്ട്. ശാ.നാ.:Tirumala limniace

കൃഷ്ണ ശലഭം(Blue mormon)

ചിറകുകള്‍ അധികം അനക്കാതെ ഉയരത്തില്‍ പറന്നു നടക്കുന്ന സുന്ദരന്‍.വീട്ടുമുറ്റത്തെ തെച്ചിയിലും കൃഷ്ണകിരീടത്തിലും നിത്യസന്ദര്‍ശകന്‍.ഇന്ത്യന്‍ ശലഭങ്ങളില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനം.ലാര്‍വാ ഭക്ഷണ സസ്യങ്ങള്‍:നാരകം, പാണല്‍,കാട്ടുനാരകം.ശാ.ന.Papilio polymnester


മുളംതവിടന്‍(Bamboo tree brown)

മുളകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഈ പൂമ്പാറ്റകളെ ധാരാളമായി കണ്ടിട്ടുണ്ട്.മുളയിലകളിലാണ് മുട്ടയിടുന്നത്.ശാ.നാ:Lethe europa


ചിത്രകന്‍(Angled castor)

നമ്മുടെ തൊടികളില്‍ സ്വൈരമായി ചിറകുനിവര്‍ത്തി വിശ്രമിക്കാറുള്ള ഒരു ശലഭം.ഓടിന്റെ നിറം.കൊടിത്തൂവയും ആവണക്കും ലാര്‍വാഭക്ഷണ സസ്യങ്ങള്‍.ശാ.നാ:Ariadne ariadne

Friday, November 10, 2006

ശരീര ഭാഗങ്ങള്‍ (ചിത്രങ്ങള്‍ )







ശരീര ഭാഗങ്ങള്‍ (സാങ്കേതിക പദങ്ങള്‍ )

ആന്റിനകള്‍ /antennae-ശാരീരിക സംതുലനത്തിനും പരിസരം തിരിച്ചറിയുന്നതിനും
എക്സൂവിയ /exuvia-തൊലിയുരിച്ചില്‍ നടത്തിയ ലാര്‍വയുടെ ഉരിഞ്ഞ തൊലി.
ഒസെല്ലി/ocelli -കാറ്റര്‍പില്ലറിന്റെ 3ജോടി കണ്ണുകള്‍ .
ക്രെമസ്റ്റര്‍ /cremaster- ക്ലാസ്പേഴ്സിന് പ്യൂപ്പാഘട്ടത്തില്‍ ചെറിയ മാറ്റം സംഭവിക്കുന്നുണ്ട്. ഈ ഭാഗത്തിനാണ് ക്രെമസ്റ്റര്‍ എന്ന് വിളിക്കുന്നത്.
ക്രോച്ചെറ്റ്സ്/crochets-കാറ്റര്‍പില്ലറിന്റെ ലാര്‍വാദശ പാദങ്ങളില്‍ കാണപ്പെടുന്ന മുള്ളുകള്‍ .
കാറ്റര്‍ പില്ലര്‍ /catterpillar-പൂമ്പാറ്റ്യുടെ ലാര്‍വ .
ക്യൂട്ടിക്കിള്‍ /cuticle-ലാര്‍വയുടെയോ പ്യൂപ്പയുടെയോ പുറംതൊലി അഥവാ ബാഹ്യാസ്ഥികൂടം.ചിലതിന് നല്ല കട്ടിയുണ്ടാവും.ശത്രുക്കളില്‍ നിന്ന് ഒരു ചെറിയ പരിധി വരെ രക്ഷപ്പെടാന്‍ ഇത് സഹായിക്കുമത്രെ.
ക്ലാസ്പേഴ്സ്/claspers-ലാര്‍വയുടെ പിന്നറ്റത്തെ ഒരു ജോടി ലാര്‍വാദശ പാ‍ദങ്ങള്‍ .പ്യൂപ്പയാകുമ്പോള്‍ ഈ ഭാഗം പട്ടുപശയില്‍ ചെടികളിലോ മറ്റോ ഒട്ടിച്ചുവെക്കും.
തുമ്പിക്കൈ /proboscis-പൂമ്പാറ്റയുടെ നാവ്.ഇതുപയോഗിച്ചാണ് മധുപാനം.ആവശ്യമില്ലാത്തപ്പോള്‍ ഇത് ചുരുട്ടിവെച്ചിരിക്കും.
പ്രോ ലെഗ്സ്/pro-legs-ലാര്‍വാദശയില്‍ മാത്രം പൂമ്പാറ്റ്യില്‍ കാണപ്പെടുന്ന കാലുകള്‍ .
പാല്പി/ലാബിയല്‍ പാല്പി/palpi-പൂമ്പാറ്റയ്ക്കും ലാര്‍വയ്ക്കുമുണ്ട്.പൂമ്പാറ്റയില്‍ തുമ്പിക്കൈയ്ക്ക് സമീപം ഇത് കാണാം.ഇതാ ണ് പൂമ്പാറ്റയ്ക്കും ലാര്‍വയ്ക്കും അവ സഞ്ചരിക്കുന്ന വഴികളെ ക്കുറിച്ച് ധാരണ നല്‍കുന്നത്.
മാന്‍ഡിബിള്‍ /mandible-പൂമ്പാറ്റയുടെ താടിഭാഗം(jaw)
സ്പിറക്കിള്‍സ്/spiracles -പൂമ്പാറ്റകളുടെയും ലാര്‍വകളുറ്റെയും പ്യൂപ്പകളുടെയും ശരീരത്തില്‍ കാണപ്പെടുന്ന ശ്വസനരന്ധ്രങ്ങള്‍ .
സ്പിന്നറെറ്റ്/spinneret-ലാര്‍വയുടെ കീഴ്ച്ചുണ്ടില്‍ കാണപ്പെടുന്ന പട്ടുഗ്രന്ഥിയുടെ ദ്വാരം
സംയുക്ത നേത്രങ്ങള്‍ /compound eyes -പൂമ്പാറ്റയുടെ തലഭാഗത്ത്.ആയിരക്കണക്കിന് ചെറു ലെന്‍സുകള്‍ ചേര്‍ന്നാണ് ഇതുണ്ടായിട്ടുള്ളത്.

കൂടുതല്‍ അറിയാന്‍ :
http://www.earthsbirthday.org/butterflies/bflys/activitykit/vocabulary.html എന്ന ലിങ്ക് ഉപയോഗിക്കാം

Saturday, October 21, 2006

ശലഭ ജീവിതം


ചിത്രശലഭങ്ങള്‍ മൂന്നാഴ്ച മുതല്‍ പത്തുമാസം വരെ ജീവിക്കുന്നവയുണ്ട്.
]ചിത്രശലഭങ്ങള്‍ രാവിലെ ഏകദേശം ഒന്‍പതു മണി മുതല്‍ സജീവമായി തേന്‍ ചെടികളില്‍ സന്ദര്‍ശകരായെത്തും.അതിരാവിലെയും വൈകിട്ടും കൂടുതലായിക്കാണുന്ന ചിത്രശലഭങ്ങളുമുണ്ട്.
ഇവ പൊതുവേ തേനിനോട് പ്രതിപത്തിയില്ലാത്തവയാണ്.ഉച്ചയാവുമ്പോള്‍ പൂമ്പാറ്റകള്‍ വിശ്രമത്തിലാവും.കാലാവസ്ഥയ്ക്കനുസരിച്ച്ചില ചിത്രശലഭങ്ങളുടെ നിറം മാറാറുണ്ട്.
ചളികുടിക്കല്‍ (Mud puddling),കൂട്ടംചേരല്‍ (Congregation),ദേശാടനം (Migration),അനുകരണം (Mimicry)തുടങ്ങിയ പലവിധ സംഗതികള്‍ പൂമ്പാറ്റകളുടെ ജീവിതത്തില്‍ നടക്കുന്നുണ്ട്.ഇതിനെല്ലാം പ്രത്യേക ഉദ്ദേശ്യങ്ങളും ഉണ്ട്.

ചിത്രശലഭങ്ങളുടെ വലുപ്പം

ഏറ്റവും വലിയ ചിത്രശലഭമായി അറിയപ്പെടുന്നത് അലക്സാണ്ഡ്രാ‍റാണിയുടെ പക്ഷിച്ചിറക്(Queen Alexandra's birdwing.Ornitoptera alexandrae)എന്നറിയപ്പെടുന്ന ബേഡ് വിംഗാണ്.ഇതിന്റെ ചിറകളവ്(wingspan)250മില്ലീ മീറ്ററാണ്.ഇന്ത്യയില്‍ (കേരളത്തിലും) കാണപ്പെടുന്ന ഏറ്റവും വലിയ ശലഭം സതേണ്‍ ‍ബേഡ് വിംഗാണ്(140-190mm).ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയിള്‍ ഏറ്റവും ചെറിയവ രത്നനീലി(Grass jewel),ചിന്നപ്പുല്‍നീലി(tiny grass blue) എന്നിവയാണ്.ഇവയുടെ ചിറകളവ് യഥാക്രമം15-22മി.മീ. ഉം 16-24 മി.മീ. ഉം ആണ്.

Tuesday, October 17, 2006

ജീവിതചക്രം


ശലഭജീവിതത്തിന് നാല് ഘട്ടങ്ങളുണ്ട്.മുട്ട,ലാ‍ര്‍വ,പ്യൂപ്പ,ശലഭം എന്നിവയാണവ. ചിത്രശലഭങ്ങള്‍ നാല് ഘട്ടങ്ങളിലൂടെ പൂര്‍ണ രൂപാന്തരണം(Complete metamorphosis) പ്രാപിക്കുന്നു.



മുട്ട




അണ്ഡാകൃതിയിലോ ഗോളാകൃതിയിലോ ഒരു മണല്‍ത്തരിയോളം വലുപ്പത്തില്‍ ആതിഥേയസസ്യങ്ങളുടെ ഇലകളില്‍ മുട്ടകള്‍ കാണാം.




ലാര്‍വ/കാറ്റര്‍പില്ലര്‍




മുട്ടവിരിഞ്ഞ് പുറത്ത് വരുന്ന പുഴുവിനെ കാറ്റര്‍പില്ലര്‍ എന്ന് വിളിക്കുന്നു.ഇത് ആതിഥേയ സസ്യത്തിന്റെ ഇലകള്‍ തിന്നാണ് വളരുന്നത്.കാറ്റര്‍പില്ലര്‍ പ്യൂപ്പയാവുന്നതിനിടയില്‍ പലതവണ പടം പൊഴിക്കുകയും പുതിയ രൂപങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും.കാറ്റര്‍പില്ലറിന്റെ ശരീരത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്: തല(Head),ഉരസ്സ്(Thorax), ഉദരം(Abdomen).ശരീരം 14 ഖണ്ഡങ്ങള്‍ കൂടിച്ചേര്‍ന്നതാണ്.ആദ്യത്തെ ഖണ്ഡം തലയാണ്.2,3,4 ഖണ്ഡങ്ങള്‍ ചേര്‍ന്ന് ഉരസ്സ് രൂപപ്പെടുന്നു.5-14ഖണ്ഡങ്ങള്‍ ചേര്‍ന്ന് ഉദരം രൂപപ്പെടുന്നു. ഉരസ്സില്‍ മൂന്ന് ജോഡി കാലുകളുണ്ട്.ഇവയാണ് ശരിയായ കാലുകള്‍ (True legs). ഉദരത്തില്‍ അഞ്ച് ജോഡി കാലുകളുണ്ട്.ഇവയെ ലാര്‍വാദശാപാദങ്ങള്‍ (Prolegs) എന്ന് വിളിക്കുന്നു.ഇവയില്‍ ഒരു ജോഡി കൊളുത്തുകള്‍ (Claspers) പിന്നറ്റത്ത് കാണാം.ഈ കൊളുത്തുകള്‍ പ്യൂപ്പാദശയില്‍ സസ്യഭാഗങ്ങളില്‍ തൂങ്ങിക്കിടക്കാന്‍ സഹായിക്കുന്നു.











പ്യൂപ്പ



കാറ്റര്‍പില്ലര്‍ വളര്‍ച്ചയുടെ അവസാനഘട്ടത്തില്‍ ഇലയുടെ അടിയിലോ കമ്പുകളിലോ തൂങ്ങിക്കിടന്ന് സമാധി അവസ്ഥയിലാവുന്നു.ചിലപ്പോള്‍ ഇത് ഒന്നോരണ്ടോ ആഴ്ച്ചകള്‍ക്കുള്ളില്‍ പൂമ്പാറ്റയായി മാറുന്നു.പ്യൂപ്പകള്‍ക്കും ലാര്‍വകള്‍ക്കും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം അനുകൂലനങ്ങളുണ്ട്.











ശലഭം
പ്യൂപ്പയുടെ പുറംതോട് പൊളിച്ചാണ് പൂമ്പാറ്റ പുറത്തു വരുന്നത്.കുറഞ്ഞത് ഒരു മണിക്കൂര്‍ സമയമെങ്കിലും ചിറകുണങ്ങാന്‍ ആവശ്യമാണ്.അതിന് ശേഷമേ പറന്ന് പോവുകയുള്ളൂ.

Tuesday, October 10, 2006

ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍

മേല്‍ പറഞ്ഞ പ്രത്യേകതകള്‍ എല്ലാ ചിത്രശലഭങ്ങള്‍ക്കും നിശാശലഭങ്ങള്‍ക്കും ബാധകമല്ല.
പകല്‍ പറക്കുന്ന ചില നിശാശലഭങ്ങളുണ്ട്. ചിറകുകള്‍ നിവര്‍ത്തി വിശ്രമിക്കുന്ന പൂമ്പാറ്റകളുമുണ്ട്.എല്ലാ നിശാശലഭങ്ങളുടെയും ലാര്‍വകള്‍ ചൊറിച്ചിലുളവാക്കുന്നവയാണോ
എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

Monday, October 09, 2006

ചിത്രശലഭ കുടുംബങ്ങള്‍


ചിത്രശലഭങ്ങള്‍ റൊപലോസീറ(Rhopalocera)എന്ന ഉപഗോത്രത്തില്‍ (suborder) പെടുന്നു.ചിത്രശലഭങ്ങള്‍ പ്രധാനമായും അഞ്ചു കുടുംബങ്ങളാണുള്ളത്.

ചിത്രശലഭങ്ങളുടെ വിതരണം.

ലോകത്താകെ1,40,000 തരം(species) ശലഭങ്ങളുണ്ട്(ചിത്രശലഭങ്ങളും നിശാശലഭങ്ങളും കൂടി) എന്ന് പറഞ്ഞല്ലോ.ഇതില്‍ 17200 എണ്ണം ചിത്രശലഭങ്ങളാണ്.കേരളത്തില്‍ ഇതുവരെ 322 ചിത്രശലഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Sunday, October 08, 2006

ടാക്സോണമി

ഖണ്ഡിത പാദര്‍(jointed-legged animals)അഥവാ ആര്‍ത്രോപോഡ വിഭാഗത്തില്‍ പെടുന്നവരാണ്ഞണ്ടുകള്‍,ഷഡ്പദങ്ങള്‍,ചിലന്തികള്‍,മില്ലിപ്പെഡുകള്‍,സെന്റിപ്പെഡുകള്‍ എന്നിവ.ഈ അഞ്ചു ക്ലാസുകളിലെ ഷഡ്പദങ്ങള്‍ എന്നവിഭാഗത്തിലെ ലെപിഡോപ്റ്റെറ എന്ന ഓഡറില്‍ പെടുന്നവയാണ് നിശാശലഭങ്ങളും ചിത്രശലഭങ്ങളും.Lepis എന്നാല്‍ ശല്‍ക്കങ്ങള്‍ Pteron എന്നാല്‍ ചിറക്.ശല്‍ക്കങ്ങളുള്ള ചിറകുള്ളവര്‍ Lepidoptera ആയി.ചിത്രശലഭങ്ങളും നിശാശലഭങ്ങളും കൂടി ലോകത്താകെ 1,40,000 ഇനം ശലഭങ്ങളുണ്ട്.

Saturday, October 07, 2006

ആനക്കരയും പൂമ്പാറ്റകളും

(ഒന്നാമത്തെ പോസ്റ്റിന്റെ തുടര്‍ച്ച)
പിന്നീട് സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു.രണ്ടുമാസം കൊണ്ട് അറുപതോളം ചിത്രശലഭങ്ങളെ നിരീക്ഷിക്കാനും ചിത്രീകരിക്കാനും എനിക്ക് സാധിച്ചു.
പാത്തുമ്മക്കുട്ടി ഇക്കാര്യത്തില്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ പട്ടിപ്പാറ എന്നപ്രദേശത്തുനിന്ന് മാണ്
കൂടുതല്‍ ശലഭങ്ങളെയും നിരീക്ഷിക്കാന്‍ കഴിഞ്ഞത്.
ആനക്കര പഞ്ചായത്തില്‍ നിന്നു മാത്രം ഇതിനകം 71 തരം
ചിത്രശലഭങ്ങളെ കാണാന്‍ ‍സാധിച്ചിട്ടുണ്ട്.ഇതില്‍ 66 ചിത്രശലഭങ്ങളേയും ചിത്രീകരിച്ചു.
കേരളത്തിലെ ഒരു പഞ്ചായത്തില്‍ നിന്ന് മാത്രമായി ഇത്രയധികം ചിത്രശലഭങ്ങളെ നിരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും.

Thursday, October 05, 2006

ഒരു ചിത്രശലഭ പ്രണയിയുടെ അനുഭവക്കുറിപ്പുകള്‍

സ്നേഹിതരേ,
2004 ഏപ്രിലില്‍ ഞാനൊരു വീഡിയോ ക്യാമറ സംഘടിപ്പിച്ചു.ഡോക്യുമെന്ററികള്‍ ചെയ്യുകയായിരുന്നു ഉന്നം.ഭാരതപ്പുഴയോടുള്ള പ്രേമം കാരണം വൈകുന്നേരങ്ങളില്‍ അതിന്റെ തീരത്ത് കൂട്ടുകാരോടൊത്ത് പോയിരിക്കാറുണ്ടായിരുന്നു.പോകുമ്പോള്‍ കയ്യില്‍ ക്യാമറയും കരുതാറുണ്ടായിരുന്നു.എന്റെ നാട്ടില്‍ പുഴയില്ലാതിരുന്നതുകൊണ്ടോ ,അല്ലെങ്കില്‍ ഒരു കേരളീയന്റെ സഹജമായ
വാസന കൊണ്ടോ-ഇതില്‍ ഏത് കാരണത്താലാണെന്നറിയില്ല -വ്യതിരിക്തമായ ഒരു ജീവിതാനന്ദം നിളയുടെ തീരങ്ങള്‍ എന്നില്‍ നിറയ്ക്കുന്നതായി ഞാന്‍ അറിഞ്ഞു.ക്യാമറയില്‍ പുഴയുടെ ചന്തം ഒപ്പിയെടുക്കാനും മറന്നിരുന്നില്ല.
പാവപ്പെട്ട മണല്‍തൊഴിലാളികള്‍ വിചാരിച്ചുകാണണം, അവരുടെ കഞ്ഞികുടി മുട്ടിക്കാനുള്ള പണിയാണിതെന്ന്.അവര്‍ ഒരു കഥ മെനഞ്ഞെടുത്തു.ജ്ഞാനപീഠം കിട്ടിയ കഥാകാരന്റെ നാട്ടുകാരല്ലേ.മോശം വരുമോ?കുളിസീന്‍ പകര്‍ത്തുകയാണ് ഞങ്ങളുടെ പണിയെന്ന് അവര്‍പറഞ്ഞു പരത്തി. ചില കശപിശകളൊക്കെയുണ്ടായി.ഒടുവില്‍ ക്യാമറ കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാതായി.

കാശു കൊടുത്തു വാങ്ങിയ ക്യാമറ കൊണ്ട് എന്തെങ്കിലും ഒരുപയോഗം വേണ്ടേ? വീട്ടു മുറ്റത്തുള്ള പൂക്കളും മറ്റും ചിത്രീകരിച്ചു തുടങ്ങി.ഒരു ദിവസം യാദൃച്ഛികമായി ഒരു മാവിലയില്‍ രണ്ടു ശലഭങ്ങള്‍ ഇണ ചേര്‍ന്നിരിക്കുന്നത് കണ്ടു.ഞാന്‍ ജീവിതത്തിലാദ്യമാ യിട്ടായിരുന്നു അത്തരമൊരു കാഴ്ച്ച കാണുന്നത്.രണ്ടു ശലഭങ്ങള്‍ ഇണ ചേര്‍ന്നിരിക്കുന്നതാണെന്നു പോലും എനിക്കാദ്യം
മനസ്സിലായില്ല.രണ്ടു തലയുള്ള ശലഭമാണെന്നൊക്കെ ഞാന്‍ വിചാരിച്ചു. എന്റെ ശല്യം കാരണം അവ കുറച്ചു ദൂരേക്കു പറന്നുപോയിരുന്നു.
പറക്കുംപോഴും അവ ഒരുമിച്ചായിരുന്നു.സൂക്ഷിച്ചു നോക്കിയപ്പോള്‍ കാര്യങ്ങളൊക്കെ മനസ്സിലായി.ഇതായിരുന്നു ശലഭങ്ങളെക്കുറിച്ച്
കൂടുതല്‍ അന്വേഷിക്കാനും നിരീക്ഷിക്കാനും എന്നെ പ്രേരിപ്പിച്ച സംഭവം.പിന്നീട് ഇത്തരത്തിലുള്ള കാഴ്ച്ചകള്‍ നിത്യ സംഭവമായപ്പൊഴാണ് ഒരു കാര്യം ഞാന്‍ ചിന്തിച്ചത്.എന്തുകൊണ്ട് ഇത്രയും കാലം ഞാന്‍ ഇതൊന്നും കണ്ടില്ല?മുന്‍പും
ഈ കാഴ്ച്ചകളൊക്കെ എന്റെ മുന്‍പില്‍ ഉണ്ടായിരുന്നിരിക്കണം.പക്ഷേ, അന്നൊന്നും ഇതൊന്നും ശ്രദ്ധിക്കാന്‍ എനിക്കു കഴിഞ്ഞില്ല.
കുട്ടിത്തത്തോടൊപ്പം നമുക്ക് കുറേ കാഴ്ച്ചകള്‍,കുറേ ശബ്ദങ്ങള്‍(നമുക്കു ചുറ്റുമുള്ള) ഗന്ധങ്ങള്‍,രസങ്ങള്‍...ഒക്കെ നഷ്ടമാവുന്നുണ്ട്.നഷ്ടടപ്പെട്ട ആ വലിയ ലോകം തിരിച്ചുപിടിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കൂ...
ചിത്രശലഭ നിരീക്ഷണതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍...

1...2...3...